www.mentormalayalam.com

Editorial

വരുന്നൂ. . . . ആനന്ദത്തിന്‍റെ വര്‍ഷം

ഒന്നോര്‍ത്തുനോക്കൂ. നാം ആനന്ദത്തോടെ ഒരു പ്രവൃത്തി ചെയ്തിട്ട് എത്ര നാളായി. മുമ്പേ ഓടുന്നവര്‍ക്കൊപ്പമെത്താനുള്ള വ്യഗ്രതയില്‍ ഇഷ്ടപ്പെട്ട പലതും നാം നഷ്ടപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിന്‍റെ വേഗവും യാന്ത്രികതയും ഏല്പിച്ച മാനസികസമ്മര്‍ദ്ദങ്ങളുമായി നാം പൊരുത്തപ്പെട്ടു കഴിഞ്ഞു. ജീവിതാകുലതകളും സമ്മര്‍ദ്ദങ്ങളുമാണ് ആനന്ദമെന്ന് ഒരു പരിധി വരെ നാം തെറ്റിദ്ധരിച്ചിരിക്കുന്നു. പലര്‍ക്കും ജീവിത സൗകര്യങ്ങളും സമ്പത്തുമുണ്ട്. അത് വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍ ചെയ്യുന്ന ജോലിയില്‍, ബിസിനസ്സില്‍, ജീവിതത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണോ എന്നു ചോദിക്കുമ്പോള്‍ പലരും നെറ്റി ചുളിക്കുന്നു. ആത്മാവില്‍ നിറയുന്ന അളവറ്റ ആനന്ദം- അതു നമുക്ക് കൈമോശം വന്നിരിക്കുന്നു. ഒരിക്കല്‍ നമുക്ക് ഏറെ മാനസിക സംതൃപ്തിയും നിര്‍മ്മലമായ ആനന്ദവും നല്കിയിരുന്ന ഒരു പ്രവൃത്തി എവിടെയോ നാം നഷ്ടപ്പെടുത്തിയിരിക്കുന്നു.

ഒരിക്കല്‍ ഒരു ഒട്ടകം മുള്ളുകള്‍ നിറഞ്ഞ ഒരു ചെടിയുടെ ഇലകള്‍ ഭക്ഷിച്ചു. മുള്ളുകള്‍ കൊണ്ട് വായ്കീറിയത് ഒട്ടകം അറിഞ്ഞില്ല. മുമ്പ് കഴിക്കാത്ത ആ ഇലകള്‍ക്ക് നല്ല രുചിയുള്ളതായി അതിന് തോന്നി. ഒട്ടകം വീണ്ടും വീണ്ടും ആ ഇലകള്‍ ഭക്ഷിക്കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ സ്വന്തം ചോരയുടെ രുചിയായിരുന്നു അതെന്ന് തിരിച്ചറിയാന്‍ ഒട്ടകത്തിനായില്ല. 'ചോരയുടെ രുചി' തലയ്ക്കു പിടിച്ച ഒട്ടകത്തെ പ്പോലെയാണ് ഇന്ന് നമ്മളും.

കുഞ്ഞായിരിക്കുമ്പോള്‍ നാം ഏറെ ആനന്ദിച്ചിരുന്നു. അന്ന് ഓരോ പ്രവൃത്തിയും നമുക്ക് സംതൃപ്തിയും അളവറ്റ സന്തോഷവും നല്കിയിരുന്നു. ഇഷ്ടപ്പെട്ട പ്രവൃത്തി ചെയ്യുമ്പോള്‍ ലഭിച്ച ആനന്ദമായിരുന്നു അത്. അഥവാ ഏതു പ്രവൃത്തിയിലും ആനന്ദം കണ്ടെത്തിയതിന്‍റെ ആഘോഷമായിരുന്നു അത്. വളരുന്തോറും ആ ആനന്ദം നമുക്ക് അല്പാല്പമായി നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അടിച്ചേല്പിക്കപ്പെട്ട ആഗ്രഹങ്ങളുടേയും ലക്ഷ്യങ്ങളുടെയും നുകം പേറി നാം തളര്‍ന്നു. ഒടുവില്‍ നമുക്ക് ആനന്ദം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. സംതൃപ്തി കണ്ടെത്താനാകാതെ നാം പ്രവൃത്തികള്‍ മാറി മാറി പരീക്ഷിച്ചു. ഒടുവില്‍ നിലവിലുള്ള സ്ഥിതിയുമായി പൊരുത്തപ്പെടാന്‍ ശീലിച്ചു.

ഉത്കൃഷ്ടമായ ഒരു കഴിവെങ്കിലും പ്രകൃതി എല്ലാവര്‍ക്കും കനിഞ്ഞു നല്കിയിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് വികസിപ്പിച്ച് വിജയിക്കുന്നവര്‍ക്ക് ജീവിതം ആനന്ദ ലഹരിയായിരിക്കും. ഇഷ്ടപ്പെട്ട പ്രവൃത്തി നല്കുന്ന ആനന്ദം ആത്മീയ അനുഭവമാണ്. ആനന്ദത്തോടെ ചെയ്യുന്ന ഏതു സൃഷ്ടിയും മഹത്തരമാകും.

സച്ചിന് ക്രിക്കറ്റ് ആനന്ദത്തിന്‍റെ ആഘോഷമാണ്. ആത്മസമര്‍പ്പണത്തിന്‍റെ സപര്യയും. പണ്ഡിറ്റ് രവിശങ്കറിനത് സിത്താര്‍ വാദനമായിരുന്നു. ഹുസൈന് ചിത്രങ്ങളും ടാഗോറിന് കവിതയും സത്യജിത് റേയ്ക്ക് സിനിമയും മദര്‍ തെരേസയ്ക്ക് കാരുണ്യവും നിതാന്തമായ ആനന്ദത്തിന്‍റെ വിരുന്നൊരുക്കി. പ്രസംഗവേദിയില്‍ ജ്വലിച്ച് അഴിക്കോടും ഭാവാഭിനയത്തിന്‍റെ ലോകം വെട്ടിപ്പിടിച്ച് തിലകനും വായനയുടെ ലഹരിയില്‍ സ്വയം മറന്ന് പി.ഗോവിന്ദപ്പിള്ളയും ആനന്ദത്തിന്‍റെ കൊടുമുടി കയറി.

കഥയുടെ മഞ്ഞുകാലം തീര്‍ത്ത് എം.ടി.യും കലാസംഘാടനത്തിന്‍റെ സാധ്യതകള്‍ തേടി സൂര്യ കൃഷ്ണമൂര്‍ത്തിയും നൃത്തവേദിയുടെ ചാരുതയായി ശാന്താധനഞ്ജയډാരും ക്ഷീണിക്കാത്ത നീതിബോധവുമായി കൃഷ്ണയ്യരും തായമ്പകയിലെ നിത്യവസ്തമായി മട്ടന്നൂരും ആനന്ദത്തിന്‍റെ പര്യായങ്ങളാകുന്നു.

എന്താണ് നമുക്ക് ആനന്ദം നല്കുന്നത്? കണ്ടെത്തുക. വളര്‍ത്തി വലുതാക്കുക.വികസിപ്പിക്കുക. വിജയിക്കുക. ആനന്ദം അനുഭവിച്ചറിയുകെ. യുവ എഴുത്തുകാരന്‍ ഐ.ഐ.ടി. ബിരുദധാരി ചേതന്‍ ഭഗത് ഉയര്‍ന്ന വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് എഴുത്തിന്‍റെ ആനന്ദവഴി തെരഞ്ഞെടുത്തത്. നാല്പത് വയസ്സിനു ശേഷമാണ് ലീലാമേനോന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. നാല്പത്തി മൂന്നാം വയസ്സിലാണ് മധുസൂദനന്‍നായരുടെ ആദ്യപുസ്തകം പുറത്തിറങ്ങുന്നത് . ലീല ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സാരഥി ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അറുപത്തിമൂന്നാം വയസ്സിലാണ് ഹോട്ടല്‍ ബിസിനസ്സ് ആരംഭിക്കുന്നത്. വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപതിയായ ശേഷം രംഗം വിടുന്ന രത്തന്‍ ടാറ്റയുടെ ചിരകാലസ്വപ്നമാണ് പിയാനോ പഠനം. ഈ എഴുപത്തിയാറാം വയസ്സിലും ആ മോഹം സഫലമാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ഈ വര്‍ഷത്തെ ലക്ഷ്യങ്ങളുടെ പട്ടികയില്‍ ആ ആഗ്രഹത്തിന്‍റെ, ആനന്ദത്തിന്‍റെ സഫലീകരണം കൂടി ഉള്‍പ്പെടുത്തുക. ജീവിതം കുറേക്കൂടി ആനന്ദകരമാക്കുക. കുട്ടികളെ അവര്‍ക്ക് ആനന്ദം കണ്ടെത്തുന്ന പ്രവൃത്തി ചെയ്യാന്‍ അനുവദിക്കുക. അവരെ വളര്‍ത്താതെ 'വളരാന്‍' അനുവദിക്കുക. അപ്പോള്‍ കവിത പോലെ മനോഹരമായി ഓപ്പറഷന്‍ ചെയ്യുന്ന ഡോക്ടര്‍മാരും ഏതു സൃഷ്ടിക്കും ശില്പചാരുത പകരുന്ന എഞ്ചിനീയര്‍മാരും നമുക്കുണ്ടാകും.

ഒരിക്കല്‍കൂടി ആനന്ദത്തിന്‍റെ പുതുവര്‍ഷം നേരുന്നു. ഓര്‍ക്കുക. ആനന്ദം വിലയ്ക്കു വാങ്ങാവുന്നതല്ല. അത് ഹൃദയത്തില്‍ ഉറവയെടുക്കേണ്ടതാണ്. ആത്മാവില്‍ നിറഞ്ഞു തൂവേണ്ടതും.

എന്തുകൊണ്ട് നിങ്ങള്‍ നേതാവാകണം? ജേതാവാകണം?

ഒരു ട്രെയിനര്‍ പറയാറുണ്ട്. ആമസോണ്‍ കാടുകളിലെ ഓരോ സിംഹവും ഒരു പ്രാര്‍ത്ഥനയോടെയാണ് പുതിയ ദിവസത്തെ വരവേല്‍ക്കാറുള്ളതെന്ന്. ഏറ്റവും വേഗത്തിലോടുന്ന മാനിനേക്കാള്‍ ഒരടിവേഗത്തിലോടാന്‍ തനിക്ക് കഴിയണേ എന്നാണ് ആ പ്രാര്‍ത്ഥന. അതേസമയം, ഓരോ മാനും ഉണര്‍ന്നെഴുന്നേല്ക്കുന്നതും ഒരു പ്രാര്‍ത്ഥനയോടെയാണ്; ഏറ്റവും വേഗത്തിലോടുന്ന സിംഹത്തേക്കാള്‍ ഒരടിവേഗത്തിലോടാന്‍ തനിക്ക് കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കുമുണ്ടല്ലോ ഓരോ കാരണങ്ങള്‍!

ആ പ്രാര്‍ത്ഥനകള്‍ വിരല്‍ ചൂണ്ടുന്നത് നിലനില്പിന്‍റെ പ്രാധാന്യത്തിലേക്കാണ്. വേഗമേറിയ ലോകത്തില്‍ ശക്തിയുളളവനേ നിലനില്പുള്ളൂ. 'സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്' എന്നത് പ്രപഞ്ചസത്യവും ലോകനീതിയുമാണ്. നിങ്ങള്‍ ദുര്‍ബലനാണെങ്കില്‍ ശക്തിമാന്‍ നിങ്ങളെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും. ബലവാന്‍ എന്നും ഉടമയും ബലഹീനന്‍ എന്നും അടിമയുമായിരുന്നു. ശക്തി എന്നത് കായികശേഷി മാത്രമല്ല. അറിവും ബുദ്ധിയും സൂത്രവുമെല്ലാം ശക്തിയാണ്.

ഹൈടെക് സാങ്കേതിക വിദ്യയുടേയും മത്സരത്തിന്‍റേയും പുതിയ കാലഘട്ടത്തിലും മനുഷ്യന്‍ പിന്തുടരുന്നത് അടിച്ചമര്‍ത്തലിന്‍റേയും കീഴ്പ്പെടു ത്തലിന്‍റേയും രീതി തന്നെയാണ്. സമത്വ സുന്ദരമായ ലോകം കഥകളിലും പുരാണങ്ങളിലും 'തിയറി'കളിലും മാത്രമാണ് നാം കണ്ടിട്ടുള്ളത്.മാനവ സംസ്കാരത്തിന്‍റെ ഉത്ഭവം മുതല്‍ ഇന്നോളം ലോകം അസമത്വത്തിന്‍റെയും അടിമത്തത്തിന്‍റെയും പൈശാപികമായ ക്രൂരതകള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 'ഇസ'ങ്ങള്‍ മാറി മാറി ഭരിച്ചപ്പോഴും ഒരു വരേണ്യവര്‍ഗ്ഗത്തിന്‍റെ കാല്‍ക്കീഴിലായിരുന്നു ലോകം. കുറച്ചു മാത്രം നേതാക്കളും കുറേ അധികം അനുയായികളും. അതാണ് നാം എന്നും ശീലിച്ചിട്ടുള്ളത്. അതാണ് ശരിയെന്നും അതാണ് നീതിയെന്നും ആരൊക്കെയോ നമ്മെ വിശ്വസിപ്പിച്ചു. ഭൂരിപക്ഷം എന്നും അടിമകളാവുകയും ചെറുന്യൂനപക്ഷം എന്നും ഉടമകളാവുകയും ചെയ്തു. അതിന്നും ഒരലിഖിത നിയമമായി തുടര്‍ന്നുപോരുന്നു.

'യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറോ'യുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ലോക ജനസംഖ്യ എഴുന്നൂറ്റി ഇരുപത്തിയൊന്നു കോടിയാണ്. ലോകത്തിലെ മുഴുവന്‍ ആളുകള്‍ക്കും സമത്വസുന്ദരമായ ജീവിതം നയിക്കാനാവശ്യമായ സമ്പത്ത് ഈ ഭൂമുഖത്തുണ്ട്; നിതിപൂര്‍വ്വം വിനിയോഗിക്കുകയാണെങ്കില്‍. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ സമ്പത്തിന്‍റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് ഒരു ചെറിയ ശതമാനം ആളുകളാണ്. ഓക്സ്ഫാം ഇന്‍റര്‍നാഷണലിന്‍റെ (ഉച്ചനീചത്വങ്ങള്‍ ക്കെതിരെ ആഗോളതലത്തില്‍ പോരാടുന്ന പതിനേഴ് സംഘടനകളുടെ കോണ്‍ഫെ ഡറേഷനാണ് ഓക്സ്ഫാം ഇന്‍റര്‍നാഷണല്‍) ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം കേവലം എണ്‍പത്തിയഞ്ച് വ്യക്തികളാണ് ലോകസമ്പത്തിന്‍റെ നാല്പത്തിയാറ് ശതമാനവും കൈവശം വെച്ചിരിക്കുന്നത്. അതായത് ഒരു ചെറിയ ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റില്‍ കൊള്ളാവുന്നത്രയും പേര്‍. മിക്ക രാജ്യങ്ങളിലും അവര്‍ക്ക് വലിയ സമ്പത്ത് കൈവരുന്നു എന്നു മാത്രമല്ല അവരാണത്രെ കുറഞ്ഞ നികുതിയും നല്കുന്നത്! സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം മുമ്പെന്നത്തേക്കാളുമധികം വര്‍ധിച്ചുവരുന്നതായി ആ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മധ്യവര്‍ഗ്ഗം ദരിദ്രരാക്കപ്പെടുമെന്നും സമ്പന്നര്‍ അതിസമ്പന്നരായിത്തീരു മെന്നും ഓക്സ്ഫാം മുന്നറിയിപ്പ് നല്കുന്നു.

ആള്‍ക്കൂട്ടത്തില്‍ ഒരാളായി,ഒരനുയായിയുടെ നേര്‍ത്ത ശബ്ദമാണ് നിങ്ങള്‍ ഇനിയും കേള്‍പ്പിക്കാനാഗ്രഹിക്കുന്നതെങ്കില്‍ അധികം വൈകാതെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ദരിദ്രകോടികളില്‍ ഒരുവനായി നിങ്ങളും തിരിച്ചറിയപ്പെടാതെ പോകും. ജേതാവാകേണ്ട സമയമാണിത്. നിങ്ങളിലെ നേതാവിനെ ഉണര്‍ത്തേണ്ട സമയവും. വരും തലമുറയെ എങ്കിലും രക്ഷിച്ചെടുക്കാന്‍ സര്‍വ്വശക്തിയുമെടുത്ത് നിങ്ങള്‍ പ്രവര്‍ത്തിച്ച് വിജയിച്ചേ മതിയാകൂ. ഓര്‍ക്കുക! ശതകോടികളെ ദരിദ്രവത്ക്കരിക്കാനല്ല നേതാവും ജേതാവും ആകേണ്ടത്.അത് സ്വന്തം നിലനില്പിനുവേണ്ടി കൂടിയാണ്. തുല്യതയുടെ ഒരു പുതുലോകം സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയാണ്. ഈ ഭൂമിയിലെ സമ്പദ്സമൃദ്ധി നിങ്ങള്‍ക്കുകൂടി വേണ്ടിയുള്ളതാണ്. അത് നിങ്ങളുടെ അവകാശവുമാണ്. ഇനിയും തീരുമാനിക്കേണ്ടത് നിങ്ങളാണ്. പരസഹസ്രം അനുയായികളുടെ അപശബ്ദങ്ങള്‍ക്കിടയില്‍ നിങ്ങളുടെ ശബ്ദം അലിഞ്ഞുചേരണോ അതോ വ്യത്യസ്തമായി മുഴങ്ങി കേള്‍പ്പിക്കണോ എന്ന്; ഒരു നേതാവും ജേതാവും ആകണോ എന്ന്.

കുഞ്ഞിനെ വിശ്വസിക്കുക

ഇത് പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമാണ്. അവര്‍ എത്രമാത്രം വളരണമെന്നത് ഓരോ അമ്മയുടേയും, അച്ഛന്‍റേയും മനസ്സുപോലെ ആണ് ഇരിക്കുന്നത്. കുഞ്ഞുങ്ങള്‍ വളരണമെന്നു സ്വതന്ത്രരാകണമെന്നും നാം ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ ആശക്കനുസരിച്ചാണോ നമ്മുടെ പ്രവര്‍ത്തനം, നമ്മുടെ വിശ്വാസം എന്നത് പരിശോധിക്കേണ്ട കാര്യമാണ്.

ഒരിക്കല്‍ നമ്മുടെ ഗ്രൂപ്പ് ട്രെയിനിംഗില്‍ പങ്കെടുക്കുന്ന(*ഗ്രൂപ്പ് ട്രെയിനിംഗ് - ഘശളല ഋിൃശരവാലിേ ഠൃമശിശിഴ ളീൃ ുമൃലിേെ, ഓരോ മാസവും മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കിടാനും പരിഹാരം തേടാനും പരസ്പരം ആശ്വസിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള കൂട്ടായ്മ, അഘഉകയിലെ എല്ലാ സെന്‍ററികളിലും നടത്തിവരുന്നു. കോട്ടയം, പാലക്കാട്, തൃശ്ശൂര്‍, എറണാകും, പിറവം എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഉള്ളത്). ഒരമ്മ മകന്‍റെ ബുദ്ധിമുട്ടുകളെ കുറിച്ചുള്ള വിഷമം പങ്കുവെക്കുകയായിരുന്നു. വാസ്തവത്തില്‍ ഈ അമ്മയേയും മകനേയും ഞാന്‍ ഒരു പാര്‍ട്ടിക്കിടയില്‍ കണ്ടതാണ്. 30 വയസ്സായ മകന് ചെറിയ തോതില്‍ സെറിബ്രല്‍ പാള്‍സി(മിനിമല്‍) ഉണ്ട്. വളരെ ഭംഗിയായി വസ്ത്രം ധരിച്ച, സംസാരിക്കുമ്പോള്‍ കുറച്ച് തടസ്സങ്ങളുള്ള മകന് അമ്മ ഭക്ഷണം വായില്‍ വെച്ച് കൊടുക്കുന്നത് കണ്ടാണ് ഞാന്‍ അവരെ പരിചയപ്പെട്ടത്. അമ്മയുടെ ധൈര്യക്കുറവാണ് ഇതിന് (ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിന്) കാരണം എന്ന് എനിക്ക് തോന്നി. ഞാനവരോട് ഈ കൂട്ടായ്മയിലേക്ക് വരുന്നതുകൊണ്ട് വിരോധമുണ്ടോ എന്ന് ചോദിച്ചു. അവര്‍ മകനേയും കൂട്ടി വരാം എന്നു സമ്മതിച്ചു. കൂട്ടായ്മയിലേക്ക് വന്ന മകനോട് ഞാന്‍ സ്പൂണും ഗ്ലാസ്സും കൊടുത്ത് വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ അമ്മയുടെ മുഖത്ത് നോക്കി. ഞാന്‍ നിര്‍ബന്ധിച്ചു. "എനിക്ക് കഴിയില്ല; വെള്ളം താഴെ പോകും" എന്നവന്‍ പറഞ്ഞു. കുഴപ്പമില്ല താഴെ പോയാല്‍ വൃത്തിയാക്കാം. ഇവിടെ ആരും കാണാനും വിധിക്കാനുമില്ല എന്ന് ഞാനവന് ഉറപ്പ് കൊടുത്തു. അവന്‍ സ്പൂണില്‍ വെള്ളം കോരിയെടുക്കാന്‍ ശ്രമിച്ചു. സ്പൂണില്‍ വെള്ളം കിട്ടുന്നില്ല. അപ്പോഴേക്കും അമ്മ ഇടപ്പെട്ടു. അവനത് കഴിയില്ലെന്ന് പറഞ്ഞു. ഞാന്‍ അമ്മയെ മുറിക്ക് പുറത്താക്കി. അവനോട് ചോദിച്ചു."നിനക്ക് മറ്റുള്ളവരെപ്പോലെ സ്വയം കുടിക്കാനും, ഭക്ഷണം കഴിക്കാനും താല്പര്യമില്ലേ,ഇഷ്ടമല്ലേ" അവനത് എന്നും ആഗ്രഹിക്കുന്നതാണെന്നും, ആഗ്രഹിച്ചിട്ട് കാര്യമില്ലെന്നും അവനത് കഴിയില്ലെന്നും അവന്‍ പറഞ്ഞു. "ശരി, നമ്മള്‍ ഇതിപ്പോള്‍ ചെയ്യാന്‍ പോവുകയാണ്, നിന്നെക്കൊണ്ട് കഴിയുന്ന കാര്യമാണ്" ഞങ്ങള്‍ പരിശീലനം തുടങ്ങി. ഒരു നൂറിലധികം പ്രാവശ്യം പരിശ്രമിച്ചപ്പോള്‍ അവന്‍റെ സ്പൂണില്‍ വെള്ളം നില്‍ക്കാന്‍ തുടങ്ങി; അവന് ആവേശമായി. ഏതായാലും ഒരു മണിക്കൂര്‍ കൊണ്ട് സ്പൂണിലെ വെള്ളം വായിലെത്തുകയും അവന് ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു.

അടുത്ത മാസം അവനെ ഒറ്റക്കു പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളും ഒറ്റക്ക് യാത്ര ചെയ്യുമ്പോഴുള്ള റിസ്കും അവന്‍ ഒറ്റ മകനായതുകൊണ്ട് അവനെ എല്ലായിടത്തും അമ്മ അനുഗമിക്കേണ്ടതിന്‍റെ ആവശ്യകതയും അമ്മ പറഞ്ഞു. ഇനി എപ്പോഴെങ്കിലും മറ്റക്ക് യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അത് പരിചയമുള്ള ഡ്രൈവറുള്ള ഓട്ടോയിലാണ് എന്ന് അമ്മ പറഞ്ഞു. "അപ്പോഴത് ഒറ്റക്കുള്ള യാത്ര അല്ലല്ലോ, അമ്മക്കു പകരം ഡ്രൈവര്‍, പൊതു വാഹനങ്ങളില്‍ ആകുമ്പോള്‍ നമ്മള്‍ ഒറ്റക്കാണെങ്കിലും ഒറ്റക്കല്ല". ഇത്രയും പറഞ്ഞപ്പോഴേക്കും മകന്‍ ഇടപ്പെട്ടു. അവന്‍ പറഞ്ഞു. "ഒരു ദിവസം ഞാന്‍ ഓട്ടോയില്‍ നിന്ന് പകുതി വഴിക്ക് വെച്ച ഇറങ്ങി ബസ്സില്‍ കയറിയാണ് പള്ളിയില്‍ പോയത്. പിന്നീട് ഓട്ടോക്കാരന്‍ അമ്മയോട് ഇതിനെപ്പറ്റി പറഞ്ഞതിനുശേഷം ഇപ്പോള്‍ ഓട്ടോയിലും അമ്മ എന്നെ ഒറ്റക്ക് വിടുന്നില്ല". നോക്കൂ. . . കുട്ടി ഒറ്റക്കു പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യാനും സുരക്ഷിതമായി തിരിച്ചെത്താനും പ്രാപ്തനാണ്. അവനത് തെളിയിക്കുകയും ചെയ്തിരിക്കുന്നു. മകന്‍ സ്വയം പര്യാപ്തനാവണമെന്ന ആഗ്രഹം മാത്രം പോരാ. ചില സമയങ്ങളില്‍ അവരെ ഒറ്റക്ക് വിട്ടു നമുക്ക് കാത്തിരിക്കാനും കഴിയണം. മക്കളെ സ്വയം പര്യാപ്തരാക്കുന്നതിന് ഇടയ്ക്കിടക്ക് നമ്മള്‍ മരിക്കേണ്ടിയിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ. നമ്മള്‍ മരിച്ചു കഴിഞ്ഞാന്‍ ഇതു പോലെ പിന്തുടര്‍ന്ന് അവരെ സഹായിക്കാന്‍ ആരുണ്ടാകും. നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ചെറിയ ചെറിയ റിസ്കുകള്‍ അവരെ ഏല്‍പ്പിച്ച് സ്വയം കുറച്ച് സമയം മരിച്ചിരിക്കാന്‍ നമുക്ക് കഴിയുമ്പോഴാണ് നാം കുഞ്ഞുങ്ങളെ വിസ്വസിക്കുന്നു എന്ന് പറയുന്നതും കാണിച്ചു കൊടുക്കുന്നതും. കുഞ്ഞുങ്ങളെ വിശ്വസിച്ചാല്‍ അവര്‍ സ്വയം പര്യാപ്തരാകും

ഇവിടെ അമ്മയുടെ ഭയവും, അമ്മയും ആഗ്രഹവും ഒരിക്കലും കൂട്ടിമുട്ടുന്നില്ല. കുട്ടി ചെയ്യേണ്ട പല കാര്യങ്ങളും അമ്മ ചെയ്തു കൊടുത്ത് അമ്മ അമ്മയുടെ അഭിമാനം രക്ഷിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ അവര്‍ സ്വയം പര്യാപ്തനാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മുടിയില്‍ കറുപ്പടിച്ച് ഞാന്‍ യൗവനം വിട്ടിട്ടില്ല എന്ന് ചിലര്‍ പ്രഖ്യാപിക്കുന്നതുപോലെ. ഓരോ തവണ ഡൈ അടിക്കുമ്പോഴും ഞാന്‍ കിളവനായി എന്ന സത്യം ഭയപ്പെടുത്തുന്നുണ്ട്. ഭയത്തെ കുറിച്ച് ഓര്‍ക്കുന്നതുതന്നെ ഭയം വര്‍ദ്ധിപ്പിക്കുമല്ലോ. കുഞ്ഞിന്‍റെ കുറവ് എന്ന സത്യത്തെ ഭയത്തോടെയല്ല, ധൈര്യത്തോടെ നേരിട്ടാല്‍, വിശ്വാസം കൂടുകയും ഭയം കുറയുകയും ചെയ്യും. യഥാര്‍ത്ഥ വിശ്വാസം ഭയം കുറക്കുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ വിശ്വാസങ്ങള്‍ എല്ലാം ഭയത്തിലധിഷ്ഠിതമായിരിക്കുന്നു. ഈ സംഘട്ടനം(രീിളഹശരേ) ആണ് പല കുഞ്ഞുങ്ങളും സ്വയം പര്യാപ്തരാവാത്തതിന്‍റെ കാരണം.

കുഞ്ഞിനെ വിശ്വസിക്കുക, ചുമതലകള്‍ ഏല്‍പ്പിച്ചിട്ട് അല്പസമയം മരിക്കുക. കുഞ്ഞുങ്ങള്‍ ജീവിക്കട്ടെ!

മികച്ച നേതൃത്വം

മികച്ച നേതൃത്വത്തിന്‍റെ അഭാവമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. കള്ളډാരുടെയും കൊള്ളക്കാരുടെയും കേന്ദ്രമായി നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുകയാണ്- പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാര്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജുവിന്‍റെ വാക്കുകളാണിത്.
എന്താണ് നമുക്കു കുറവുള്ളത്. ലോകത്തിലെ ഏറ്റവും പ്രൗഢവും സമ്പന്നവുമായ സാംസ്കാരിക പാരമ്പര്യം. അസംസ്കൃത വസ്തുക്കളുടെയും ജൈവവൈവിധ്യങ്ങളുടേയും കലവറ. ഏതു ജനവിഭാഗത്തോടും കിടപിടക്കവുന്ന വ്യക്തിഗത മികവു പുലര്‍ത്തുന്ന ജനത. പാശ്ചാതക്കുന്ന രാജ്യം. എന്നിട്ടും എവിടെയാണ് നമുക്കു പിഴയ്ക്കുന്നത്. വിവേകാനന്ദന്‍ മുതല്‍ ഏറ്റവുമൊടുവില്‍ മാര്‍ക്കണ്ഡേയ കഡ്ജു വരെ പറഞ്ഞ 'നേതൃത്വമില്ലായ്മ' തന്നെയല്ലേ പ്രശ്നം? ദീര്‍ഘവീക്ഷണവും ചുമതലാബോധവുമുള്ള നേതാക്കളുണ്ടെങ്കില്‍ ഇന്ത്യ എന്നേ ഒന്നാമതായേനെ. തൊട്ടയല്‍രാജ്യത്തും നേതൃത്വമില്ലായ്മ മൂലമുള്ള നെറികേടുകള്‍ നാം കാണുന്നുണ്ട്. കരുത്തനായിരുന്ന സദ്ദാമിന് പകരക്കാരനെ കണ്ടെത്താന്‍ ഇറാഖിനോ അമേരിക്കയ്ക്കോ ഇനിയുമായിട്ടില്ലല്ലോ. രാജ്യത്തിന് മാത്രമല്ല നേതൃത്വമില്ലായ്മ ഭീഷണി. വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും അത് പ്രതിസന്ധികള്‍ സൃഷ്ടിക്കും.
വ്യക്തിത്വവികാസത്തിന്‍റെ മുഖമുദ്രയാണ് നേതൃത്വ ഗുണം. നല്ല നേതാക്കള്‍ എവിടെയും പ്രകാശിക്കും. അവരെ സമൂഹം ആദരിക്കും-പ്രായവും പദവിയും നോക്കാതെ.പതിനാലുകാരി മലാല എന്ന പാകിസ്താനി പെണ്‍കുട്ടി ലോകത്തിനു പ്രിയങ്കരിയാവുന്നത് അതുകൊണ്ടാണ്. അവള്‍ ഭീഷണിയാണെന്ന് താലിബാന്‍ തിരിച്ചറിയുന്നത് അവള്‍ക്ക് ചങ്കൂറ്റമുള്ളതുകൊണ്ടാണ്. വ്യക്തിത്വമുള്ളതുകൊണ്ടാണ്.
ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്ന കാര്യങ്ങളും മാതാപിതാക്കളുടെ പരിപാലനവും അധ്യാപകരുടെ ശിക്ഷണവും സാമൂഹികമായ ചുറ്റുപാടുകളും അറിവും വായനയും സ്വന്തം കാഴ്ചപ്പാടുകളുമൊക്കെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഘടകങ്ങളാണ്. വിജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിത്വത്തെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല.

മഴ വിചാരങ്ങള്‍ ജലവിചാരങ്ങള്‍

പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഏറിയും കുറഞ്ഞും കാലവര്‍ഷം ഇക്കുറിയുമെത്തി. മണ്ണും മനസ്സും കുളിര്‍പ്പിച്ച്, ജലവിന്യാസങ്ങളൊരുക്കി ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തി. മഴ മലയാളിയുടെ ഒരു സ്വകാര്യ അഹങ്കാരവും ശീലവുമാണ്. മഴയുമായി പണ്ടേ നാം പ്രണയത്തിലാണ്.

പുഴ നിറയുന്ന, കാടുപെയ്യുന്ന, മോഹങ്ങളുടെ ഈ നീരുറവക്കാലം നമുക്കൊരനുഗ്രഹ പ്പെയ്ത്താണ്. കര്‍ക്കടകത്തിന്‍റെ തോരാമഴ കഴിഞ്ഞ് ഓണമുണ്ട് കാലവര്‍ഷം തിരിച്ചുപോകുമ്പോള്‍ മില്ലീമീറ്ററിലും സെന്‍റീമീറ്ററിലും അളന്നു നാം മഴക്കണക്കുകള്‍ നിരത്തും. പോയ വര്‍ഷത്തേക്കാള്‍ കൂടി, കുറഞ്ഞു എന്നൊക്കെ വീമ്പിളക്കും. തുലാവര്‍ഷത്തിന്‍റെ കണക്കുകൂടി ചേര്‍ത്തു വായിക്കുന്നതിനിടയ്ക്ക്, പിന്നെ നാം കാണുന്നത് ശുഷ്കിച്ച ജലസ്രോതസ്സുകളും നാരുപോലെ നേര്‍ത്ത പുഴകളുമൊക്കെയാണ്. അമ്പതുലക്ഷത്തിലേറെ കിണറുകളും നാല്പത്തിനാല് നദികളും ഉള്ള നാം പിന്നെ ഭൂമിയുടെ മാറ് തുരക്കുന്ന തിരക്കിലാവും. ടാങ്കര്‍ ജലത്തിനുള്ള നെട്ടോട്ടത്തിലും. സമ്പൂര്‍ണ്ണ സാക്ഷരതയുടെ മേനി പറയുന്ന നമുക്ക് പക്ഷേ ഒട്ടും ജലസാക്ഷരതയില്ല. സമൃദ്ധിയുടെ നിറവില്‍ കാത്തുസൂക്ഷിക്കേണ്ടതിന്‍റെ, കരുതി വെയ്ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഈ അടുത്തകാലം വരെ നാം ബോധവാډാരായിരുന്നില്ല. കുമിഞ്ഞുകൂടിയ ഒരു ലക്ഷം കോടി പ്രവാസി പണത്തിന്‍റെ നെഗളിപ്പുണ്ട് നമുക്ക്. വേണ്ടി വന്നാല്‍ കുപ്പിവെള്ളം വാങ്ങി ജീവിക്കുമെന്ന ധാര്‍ഷ്ട്യവും. അതുകൊണ്ടുതന്നെ 1950 കളിലെ ആളോഹോരി ജലലഭ്യത 2676 ഘനമീറ്റര്‍ ആയിരുന്നത് ഇന്ന് ആയിരം ഘനമീറ്ററായി കുറഞ്ഞപ്പോഴും നാം അത്രയേറെ ഉത്കണ്ഠപ്പെടുന്നില്ല. പുഴ വരമാണെന്നതും ജലം അമൃതാണെന്നതും നമുക്ക് പുസ്തകത്തിലെ വെറും വാക്കുകള്‍ മാത്രം. ജീവനുള്ള എത്ര നദികള്‍ ബാക്കിയുണ്ടന്നതിന്‍റെ കണക്കുപോലുമില്ല നമ്മുടെ പക്കല്‍. അയല്‍ക്കാര്‍ നമ്മുടെ നദികളും ഡാമുകളും സ്വന്തമാക്കുമ്പോഴും നമുക്ക് ഒരുതരം നിസ്സംഗത മാത്രമാണ്. ഒരിക്കല്‍ ജലം നമ്മുടെ പൊതുസ്വത്തായിരുന്നു. അന്നത്തെ പൊതുടാപ്പുകള്‍ എങ്ങനെ ഓര്‍മ്മകള്‍ മാത്രമായെന്ന് നാം ഓര്‍ക്കുന്നേയില്ല. സ്വകാര്യവത്കരിക്കപ്പെട്ട ഒരു 'കമ്മോഡിറ്റി' മാത്രമായി ജലം മാറുമ്പോള്‍ പോലും അതിന്‍റെ കോര്‍പ്പറേറ്റ് വത്ക്കരണത്തെപ്പറ്റി നാം അത്രയൊന്നും വേവലാതിപ്പെടുന്നില്ല.കുടിപ്പകകള്‍ ജലപ്പക കളായി രൂപാന്തരപ്പെടുമ്പോള്‍ നദികളുടെ അവകാശങ്ങള്‍ക്കുവേണ്ടി തമ്മില്‍ തല്ലുമ്പോള്‍, എന്തിന് ജലയുദ്ധങ്ങള്‍ക്കുവരെ കോപ്പുക്കൂട്ടുമ്പോള്‍ പോലും സമഗ്ര ജലസംരക്ഷണത്തിന്‍റെ ഒരു പുനര്‍വായനയ്ക്ക് നാം വേണ്ടത്ര ഇടം കൊടുക്കുന്നില്ല.

മണ്ണില്‍ ചവിട്ടാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിച്ചു. കോണ്‍ക്രീറ്റ് പാകി മുറ്റം വൃത്തിയുള്ളതാക്കി; ഭൂമിയുടെ ദാഹം മാറ്റാതെയും എങ്ങാനും ശേഷിച്ച വെള്ളം അന്യന്‍റെ പറമ്പിലേക്ക് തിരിച്ചു വിട്ടു. എന്തിനു സ്വന്തം പറമ്പ് വൃത്തികേടാക്കണം. എന്നിട്ട് നാം മലിനജലം പണം കൊടുത്ത് വാങ്ങുന്നു. ദിവസേന ശരാശരി 500 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്ന ഒരു കുടുംബത്തിന്‍റെ വാര്‍ഷിക ജല ഉപഭോഗം 1,82,500 ലിറ്ററാണ്. ലിറ്ററിന് ഇരുപത് രൂപ കമ്പോളവില കണക്കാക്കിയാല്‍ മുപ്പത്തിയാറ് ലക്ഷത്തിയമ്പതിനായിരം രൂപ! ആ 'വില'യുടെ മൂല്യം പോലും നം ജലസംരക്ഷണത്തിന് നല്കുന്നില്ല. ജീവജലം സംരക്ഷിക്കേണ്ടത് നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു ബാധ്യതയല്ല അത് നമ്മുടെ ഉത്തരവാദിത്തവും കടമയുമാണ്. ഓരോ തുള്ളി ജലത്തിനും ഒരു ജീവനേക്കാള്‍ വിലയുണ്ട്! ഗൃഹപാഠത്തിനൊപ്പം നാം കുട്ടികള്‍ക്കു ജലപാഠം കൂടി പകര്‍ന്നു നല്കണം. ഇറ്റിറ്റുവീഴുന്ന ഒരു ടാപ്പില്‍ നിന്ന് നാം ഒരു വര്‍ഷം പാഴാക്കുന്നത് ഏതാണ്ട് 30000 ലിറ്റര്‍ ജലമാണ്. ജലം നീതിപൂര്‍വ്വം വിനിയോഗിക്കണം. മഴയെ മണ്ണില്‍ താഴാന്‍ അനുവദിക്കണം. കിണറുകളൊക്കെ റീചാര്‍ജ്ജ് ചെയ്യണം. കടലറ്റം വരെ പുഴ കാത്തുകൊള്ളണം. ജലസംരക്ഷണം ഒരു ശീലമാക്കണം. വൃക്തിത്വത്തിന്‍റെ ഭാഗവും.

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത

വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നേതാക്കള്‍ ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നൂതന ആശയവിനിമയ സംവിധാനങ്ങളും സാങ്കേതികവിദ്യയും ജനങ്ങളെ കൂടുതല്‍ അടുപ്പിച്ചിരിക്കുന്നു. അത് ഒരു പരിധിവരെ അവരെ അറിവും അവബോധവും ഉള്ളവരാക്കിയിട്ടുമുണ്ട്. വിവിധ കൂട്ടായ്മകളും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാനും ഒരു പൊതു സമീപനം അതുമല്ലെങ്കില്‍ ഒരു ബദല്‍ സമീപനം രൂപപ്പെടുത്തിയെടുക്കാനും ജനങ്ങളെ പര്യാപ്തരാക്കുന്നുണ്ട്. മത്സരത്തിന്‍റെ ഭാഗമാണെങ്കിലും മുമ്പില്ലാത്തവിധം ദൃശ്യശ്രാവ്യമാധ്യമങ്ങളും ഇന്ന് ഏറെ ജാഗരൂകരാണ്. ജുഡീഷ്യറിയുടെ അര്‍ത്ഥവ ത്തായ ഇടപെടലുകളും പ്രശംസനീയമാണ്. അറിയാനുള്ള അവകാശം ജനങ്ങളെ കൂടുതല്‍ കരുത്തരാക്കി. ജനാധിപത്യത്തിന് കരുത്തുപകരുന്ന ഇത്തരം സംവിധാനങ്ങളാല്‍ ജനങ്ങളുടെ ആത്മവിശ്വാസം മുമ്പെന്നത്തേക്കാളും വര്‍ധിച്ചിട്ടുണ്ട്. നിയമ-നയരൂപീകരണങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താനും ചര്‍ച്ചചെയ്യാനും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന അവസരം ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കും. ഇതൊക്കെ തന്നെയാണ് നേതാക്കള്‍ നേരിടുന്ന വെല്ലുവിളികളും. ജനങ്ങളില്‍ നിന്ന് എല്ലാം മറച്ചുവെച്ച് അവരെ അടിമകളാക്കി ഭരിക്കുകയും നയിക്കുകയും ചെയ്യുകയെന്ന മര്‍ക്കടമുഷ്ടിയുടെ 'നേതൃരീതികള്‍' ഇനി സാധ്യമാകില്ല. പുതിയ കാലത്തിനനുസരിച്ച്, ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് അവരെ ഒപ്പം നിര്‍ത്തി പൊതുലക്ഷ്യങ്ങളിലേക്ക് അവരെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് വരുംകാല നേതൃത്വത്തിനുള്ളത്. അതാണ് ഇന്ത്യ ആവശ്യപ്പെടുന്നതും.

കുറച്ചാളുകളെ കുറേ കാലത്തേക്ക് വിഡ്ഢികളാക്കാം. കുറെ ആളുകളെ കുറച്ചു കാലത്തേക്ക് വിഡ്ഢികളാക്കാം. എല്ലാ ആളുകളേയും ഒരു ചെറിയ കാലത്തേക്ക് വിഡ്ഢികളാക്കാം. എന്നാല്‍ എല്ലാവരേയും എല്ലാ കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ല. അതാണ് നേതാക്കള്‍ മനസ്സിലാക്കേണ്ടതും തിരിച്ചറിയേണ്ടതും. വികാരങ്ങളുടെ വിളവെടുപ്പ് കഴിഞ്ഞാല്‍ പിന്നെയുള്ളത് വിവേകത്തിന്‍റെ വിതക്കാലമാണ്. അതാരും മറക്കേണ്ട. ലോകനേതൃത്വത്തിലേക്ക് ഉയരാനുള്ള എല്ലാ അനുകൂലഘടകങ്ങളും നമുക്കുണ്ട്. സാംസ്കാരികമായും സാമ്പത്തികമായും സാങ്കേതികമായും നാം ആര്‍ക്കും പുറകിലല്ല. ബഹുസ്വരതയുടെ, വര്‍ണ്ണ വൈജാത്യങ്ങളുടെ, നാനാമതസ്ഥരുടെ, വേദേതിഹാസങ്ങളുടെ പാരമ്പര്യമുള്ള ഈ നാടിനാവശ്യം ശക്തമായ ഒരു നേതൃത്വം മാത്രമാണ്. ആര്‍ജ്ജവവും ഇച്ഛാശക്തി യുമുണ്ടെങ്കില്‍ പരിഹരിക്കപ്പെടാനാവാത്ത ഒരു പ്രശ്നവും ഭാരതത്തിനില്ല. മറിച്ച് ഉയരാനും വളരാനും ഉള്ള അവസരങ്ങള്‍ ധാരാളമുണ്ടുതാനും. ഇന്ത്യ 'ഹിന്ദു'വിന്‍റേത് മാത്രമല്ല. അത് ബുദ്ധന്‍റേയും ജൈനന്‍റെയും സ്വരം ഉള്‍ക്കൊള്ളുന്നുണ്ട്. അതില്‍ ബൈബിളിലെ വചനങ്ങളും ഖുര്‍-ആനിലെ ആയത്തുകളുമുണ്ട്. പാഴ്സിയുടെ പ്രാര്‍ത്ഥനകളും ബഹായിയുടെ വിശ്വാസരീതികളും അതില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. ഗുരുദ്വാരകള്‍ക്കും ജൂതപള്ളികള്‍ക്കും മദ്രസകള്‍ക്കും അതില്‍ ഒരുപോലെ ഇടമുണ്ട്. ആര്യനും ദ്രാവിഡനും സവര്‍ണ്ണനും ദളിതനും ഒരുപോലെ അവകാശവും സ്വാതന്ത്ര്യവുമുണ്ട്.ഇന്ത്യ ആരുടെയും സ്വന്തമല്ല. അത് നാം എല്ലാവരുടേതു മാണുതാനും. ഹിമാലയം തൊട്ട് സഹ്യന്‍റെ മടിത്തട്ടുവരെയുള്ള ജനതയെ ഒരു കൊടിക്കീഴില്‍ അണിനിരത്തി വെല്ലുവിളികളെ സധൈര്യം നേരിടുന്ന, ലോകം ആദരവോടെ വീക്ഷിക്കുന്ന രാജ്യമായി ഭാരതത്തെ പുതു നേതൃത്വം മാറ്റുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഉത്തരവാദിത്വങ്ങളും കടമകളും നേതൃത്വത്തിനു മാത്രമല്ല; നമുക്കുമുണ്ട്. ഒരു നേതാവിനേയും നാം ഭയക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യസംവിധാനത്തില്‍ ഒരു നേതാവും വിമര്‍ശനത്തിന് അതീതനുമല്ല. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും തെറ്റുചൂണ്ടിക്കാണിക്കാനും ഉള്ള വിവേകവും 'നേതൃപാടവവും' നാം ഓരോരുത്തരും കാണിക്കേണ്ടതുണ്ട്.'രാജാവ് നഗ്നനാണ്'എന്ന് വിളിച്ചു പറയാനുള്ള ചങ്കൂറ്റവും നമുക്കുണ്ടാകേണ്ടതുണ്ട്. അപ്പോഴേ നേതാക്കള്‍ നന്നാവൂ; നാടും.

പരീക്ഷണങ്ങളുടെ മാര്‍ച്ച്

പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കളുടെ ബി.പി. ക്രമാതീതമായി ഉയരുന്ന മാസമാണ് മാര്‍ച്ച്. പരീക്ഷാപ്പേടി കുട്ടികളേക്കാള്‍ ഇന്ന് അച്ഛനമ്മമാര്‍ക്കാണ്. അവര്‍ക്ക് നടക്കാതെ പോയ, നേടാന്‍ കഴിയാതെ പോയ മുഴുവന്‍ മോഹങ്ങളുടെ ഭാരവും അവര്‍ സ്വന്തം മക്കളുടെ ചുമലിലാണ് കയറ്റിവെച്ചിരിക്കുന്നത്. ആ ഭാരം ചുമക്കേണ്ടതും വര്‍ഷാന്ത്യപരീക്ഷയ്ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങേണ്ടതും കുട്ടിയുടെ ബാധ്യതയാണെന്ന് അവര്‍ കരുതുന്നു. ആദ്യ റാങ്കുകളും ഏറ്റവും ഉയര്‍ന്ന ഗ്രേഡുകളും തങ്ങളുടെ സ്ഥാപനത്തിനു തന്നെ ലഭിക്കണമെന്ന വാശിയിലാണ് ഓരോ സ്ഥാപനവും. അത് അവരുടെ നിലനില്പിന്‍റെയും അഭിമാനത്തിന്‍റെയും കൂടി പ്രശ്നമാണ്. മത്സരാധിഷ്ഠിതമായ ആ രംഗത്ത് പിടിച്ചു നില്ക്കാന്‍ അവരും നിര്‍ബന്ധിക്ക പ്പെടുകയാണ്.

പാവം കുട്ടികള്‍. ഒരു 'ഭൂതം' പോലെ പരീക്ഷ അവരെ പേടിപ്പെടുത്തുകയാണ്. ശാരീരിക-മാനസികാരോഗ്യം വല്ലാതെ ബാധിക്കപ്പെണുന്ന അവസ്ഥയിലാണ് പലരും. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെടുത്താന്‍ മാത്രം തങ്ങള്‍ എന്തു തെറ്റു ചെയ്തു എന്ന് അവര്‍ക്കറിയുന്നില്ല. ഉള്ള സമയം പഠിക്കാതെ 'എളുപ്പവഴിക്ക്' മാര്‍ക്ക് നേടാനുള്ള വഴികളാലോചിക്കുകയാവും ചില മിടുക്കര്‍. രണ്ട് മാസം മുന്‍പ് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം ബാംഗ്ലൂരിലെ ഒരു പ്രശസ്ത കോളേജില്‍ നടന്ന കോപ്പിയടി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ചില വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 'ഹൈടെക്' കോപ്പിയടിക്ക് രൂപം നല്കി. രണ്ടു ലക്ഷം രൂപയോളം വിലവരുന്ന ഉപകരണങ്ങളാണ് അവര്‍ അതിനുവേണ്ടി ഉപയോഗിച്ചത്. ബ്ലൂടൂത്തും മറ്റു ഡിവൈസുകളും ഉപയോഗിച്ച് ഒരു സ്ഥലത്ത്നിന്ന് ട്രാന്‍സ്മിറ്റ് ചെയ്യുന്ന ഉത്തരങ്ങള്‍ പിടിച്ചെടുക്കാന്‍ ചെവിക്കു പിറകില്‍ ചെറിയ ബട്ടന്‍ പോലെയുള്ള സ്പീക്കറും ആന്‍റിനയുമൊക്കെ കണ്ട് അധ്യാപര്‍ ഞെട്ടി. അവരെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോള്‍ അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒട്ടും താല്പര്യമില്ലാതെ മെഡിസിന് ചേര്‍ന്നവരായിരുന്നു അവരില്‍ പലരും. എത്ര പഠിച്ചിട്ടും തലയില്‍ കയറാത്തതുകൊണ്ടാണ് ഈ സാഹസത്തിനു മുതിര്‍ന്നതെന്ന് അവര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ആരാണിവിടെ കുറ്റക്കാര്‍. കോപ്പിയടിച്ച വിദ്യാര്‍ത്ഥികളോ? അതോ താല്പര്യമില്ലാത്ത കുട്ടികളെ പണം കൊണ്ട് മാത്രം ഡോക്ടറാക്കാന്‍ മുതിര്‍ന്ന രക്ഷിതാക്കളോ? അതുമല്ലെങ്കില്‍ കുട്ടികളുടെ അഭിരുചി എന്തെന്ന് തിരിച്ചറിയാത്ത, കോഴ വാങ്ങി അവരെ ഡോക്ടറാക്കാന്‍ മുതിര്‍ന്ന സ്ഥാപനമോ?

യഥാര്‍ത്ഥത്തില്‍ കോപ്പിയടിക്ക് ഹൈടെക് വിദ്യ കണ്ടുപിടിച്ച ആ വിദ്യാര്‍ത്ഥികളുടെ കഴിവും അഭിരുചിയും ഇലക്ട്രോണിക്സിലല്ലേ? അതു മനസ്സിലാക്കി അത്തരമൊരു കോഴ്സിനു അവരെ ചേര്‍ത്തിയിരുന്നെങ്കില്‍ ഭാവിയില്‍ അവരില്‍ നിന്ന് പല വിലയേറിയ കണ്ടുപിടുത്തങ്ങളും ഉണ്ടായേനെ. പകരം ഇപ്പോള്‍ സംഭവിച്ചതോ, ഹൈടെക് കോപ്പിയടി വീരډാരായി അവര്‍ മുദ്രകുത്തപ്പെട്ട. അവരുടെ കഴിവുകള്‍ പ്രസിദ്ധിക്കുപകരം അവര്‍ക്ക് കുപ്രസിദ്ധി നേടിക്കൊടുത്തു.

നിലവിലുള്ള വ്യവസ്ഥിതിയനുസരിച്ച് പരീക്ഷയ്ക്ക് ഉയര്‍ന്ന ഗ്രേഡും മാര്‍ക്കുമൊക്കെ വാങ്ങണം. പക്ഷേ അതിനേക്കാളേറെ മുഖ്യം ജീവിതത്തില്‍ ഉയര്‍ന്ന മാര്‍ക്കു നേടുകയെന്നതാണ്. അതാണവരെ പഠിപ്പിക്കേണ്ടത്. അവരുടെ താല്പര്യവും അഭിരുചിയും മനസ്സിലാക്കി അതു സത്യമാണോ എന്നു തിരിച്ചറിഞ്ഞ് ഉചിതമായ വിദ്യാഭ്യാസം അതാണ് നല്കേണ്ടത്. ഒരു സമൂഹത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും മാത്രം പോരാ. നല്ല കലാകാരډാരും എഴുത്തുക്കാരും രാഷ്ട്രീയക്കാരും ഒക്കെ വേണം. താല്പര്യം ഏതു രംഗത്തുമാകട്ടെ. ആ രംഗത്ത് ഏറ്റവും ഉയര്‍ന്ന നിലവാരത്തിനാണല്ലോ നാം ഉപദേശിക്കേണ്ടത്.

തോമസ് ആല്‍എഡിസണും ചാര്‍ലി ചാപ്ളിനുമൊന്നും പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയല്ല മഹാډാരായത് എന്നു നാം ഓര്‍ക്കണം. കുട്ടികള്‍ക്ക് നല്കേണ്ടത് സ്നേഹത്തിന്‍റെ കരുതലാണ്. ആത്മവിശ്വാസത്തിന്‍റെ തലോടലും സുരക്ഷയുടെ ആലിംഗനവുമാണ്. 'നീ പേടിക്കേണ്ട ഞങ്ങളുണ്ട് കൂടെ' എന്ന ധൈര്യമാണ്. ഒരു പരീക്ഷകൊണ്ട് തീരുന്നതല്ല ജീവിതം എന്ന സന്ദേശമാണ്. അപ്പോള്‍ പരീക്ഷയെന്നല്ല ജീവിതത്തിലെ ഒരു പരീക്ഷണവും അവരെ പേടിപ്പിക്കില്ല; തളര്‍ത്തില്ല.

പരിഹാരത്തിന്‍റെ ഭാഗമാവുക

നമുക്ക് നിരന്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ജീവിതത്തില്‍ നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ ഒന്നാണ് 'പ്രശ്നം'. കുടുംബത്തില്‍, സമൂഹത്തില്‍, രാഷ്ട്രീയത്തില്‍ തുടങ്ങി എവിടെയും നമുക്ക് പ്രശ്നങ്ങളാണ്. പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് നാം വാഗ്വാദങ്ങളും സെമിനാറുകളും സമരങ്ങളും നടത്തുന്നത്. എന്നിട്ടും, പ്രശ്നങ്ങള്‍ തീരുന്നില്ല എന്നു മാത്രമല്ല നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. മാലിന്യപ്രശ്നത്തെപ്പറ്റി നാം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്നു. എന്നിട്ടോ? പീഡനങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ലെന്നു കാണാം. എന്തുകൊണ്ടിങ്ങനെ എന്നു ചിന്തിച്ചിട്ടുണ്ടോ?

പരിഹാരത്തേക്കാള്‍ നാം പ്രാമുഖ്യം നല്കുന്നത് പ്രശ്നത്തിനാണ്. ഏതിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത് കൂടുതല്‍ വളരുകയും വികസിക്കുകയും ചെയ്യും. അതൊരു പ്രപഞ്ചസത്യമാണ്. നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിച്ച് പ്രശ്നത്തില്‍ ശ്രദ്ധിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം കൂടുതല്‍ പ്രശ്നങ്ങളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. ഒടുവില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും നാം അതിന്‍റെ ഇരകളാവുകയും ചെയ്യുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു സംഘം ആളുകള്‍ മദര്‍ തെരേസയെ യുദ്ധത്തിനെതിരായ റാലിയില്‍ പങ്കുചേരാന്‍ ക്ഷണിച്ചു. 'യുദ്ധത്തിനെതിരായ റാലിയില്‍ ഞാന്‍ പങ്കെടുക്കില്ല, നിങ്ങള്‍ സമാധാനത്തിനുവേണ്ടിയുള്ള റാലി സംഘടിപ്പിക്കൂ, ഞാന്‍ വരാം' എന്നായിരുന്നു അവരുടെ ഉത്തരം. നമുക്ക് വേണ്ടതെന്തോ അതിലാണ് നാം ശ്രദ്ധിക്കേണ്ടതും അതിനുവേണ്ടിയാണ് നാം പ്രവര്‍ത്തിക്കേണ്ടതും. അപ്പോഴേ അത് സഫലമാകൂ. അതാണ് മദര്‍ തെരേസ അവരെ ഓര്‍മ്മപ്പെടുത്തിയത്.

പ്രശ്നങ്ങളെപ്പറ്റി വര്‍ഷങ്ങളായി നാം ആഴത്തില്‍ പഠിച്ചു കഴിഞ്ഞു. ഇനി ആവശ്യം പരിഹാരമാണ്. ചെറുതെങ്കിലും പരിഹാരത്തിന്‍റെ ഭാഗമാവുകയാണ് വേണ്ടത്. മനസ്സ് അര്‍പ്പിക്കേണ്ടത് പരിഹാരത്തിലാണ്. ശരീരവും മനസ്സും പരിഹാരത്തിനു വേണ്ടി നിലകൊള്ളുമ്പോള്‍ കൂടുതല്‍ പരിഹാരമാര്‍ഗ്ഗങ്ങളും സ്വാസ്ഥ്യവും നമ്മളിലേക്ക് ആകര്‍ഷിക്കപ്പെടും.

ലോകത്തിലെ ഒരു സംഘം മാധ്യമങ്ങളെങ്കിലും ഇന്ന് 'പോസിറ്റീവ് ജേര്‍ണലിസം' പ്രചരിപ്പിക്കുന്നുണ്ട്. ക്രിസ്റ്റ്യന്‍ ബോയ്സണ്‍ നേതൃത്വം നല്കുന്ന 'സ്പാര്‍ക് ന്യൂസ്' എന്ന ന്യൂസ് ഏജന്‍സി പരിഹാരങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. അത്തരം വാര്‍ത്തകള്‍ക്ക് അവര്‍ വലിയ പ്രാധാന്യം നല്കുന്നു. ലോകത്തൊട്ടാകെ ഇരുപത്തിരണ്ട് പ്രധാന പത്രങ്ങള്‍ അതിന്‍റെ ഭാഗമാണ്. ഇരുപത് രാജ്യങ്ങളിലായി അമ്പത് മില്ല്യണ്‍ ജനങ്ങളിലേക്ക് അവര്‍ മാറ്റത്തിന്‍റെ, പരിഹാരത്തിന്‍റെ വാര്‍ത്തകള്‍ എത്തിക്കുന്നു. കഴിഞ്ഞ ജൂണ്‍ ഇരുപത്തിരണ്ടിന് അവര്‍ 'ഇംപാക്ട് ജേര്‍ണലിസം ഡേ' ആചരിക്കുകയുണ്ടായി. ഐ ലീഡ് ഇന്ത്യ എന്ന പേരില്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തുന്ന പരസ്യ പ്രചാരണം അതിന്‍റെ ഭാഗമാണ്. പരിഹാരത്തിന്‍റെ ഭാഗമാവാനും പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കാനും പരസ്യദാതാക്കളെ പോലും പ്രേരിപ്പിക്കുന്ന ആ ഉദ്യമം തികച്ചും ശ്ലാഘനീയമാണ്.

നമുക്ക് ഇനി ചിന്തിക്കുന്ന രീതി മാറ്റാം. ചിന്ത മാറ്റാം. എന്താണോ ആവശ്യം അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. പരിഹാരത്തിന്‍റെ ഭാഗമാവാം. വിജയം സുനിശ്ചതമാക്കാം; ഭാവി ശോഭനവും

പുതുവര്‍ഷ ചിന്തകള്‍

നമ്മള്‍ ഭാഗ്യവാډാരാണ്! മഴയും വെയിലും നിലാവും നക്ഷത്രങ്ങളുടെ താരാട്ടുമുള്ള സുന്ദരമായ ഭൂമിയില്‍ നാം ഒരു വര്‍ഷം കൂടി ജീവിച്ചു കഴിഞ്ഞിരിക്കുന്നു. അതും സൃഷ്ടിയുടെ മഹനീയമായ രൂപമായ മനുഷ്യരായി. ഗര്‍ഭപാത്രത്തിലേ കൊലചെയ്യപ്പെട്ട ശതകോടികളുടെ കണക്കില്‍ നമ്മളുണ്ടായില്ല. ദാരിദ്ര്യത്തിന്‍റെ(വിശപ്പിന്‍റെ) കണ്ണീരു കുടിച്ചു മരിച്ച ലക്ഷകണക്കിനു ജീവനുകളുടെ പട്ടികയിലും നാം ഉള്‍പ്പെട്ടില്ല. ഓരോ ദിവസവും നിരവധി കാരണങ്ങളാല്‍ കാലം തിരിച്ചെടുക്കുന്ന ജډങ്ങളിലൊന്നും നമ്മളുണ്ടായില്ല. ഷെല്ലാക്രമങ്ങളെ ഭയന്ന് മരിച്ച് ജീവിക്കുന്ന ആയിരങ്ങളിലും കുതിരച്ചാണകം തിന്നു ജീവിക്കുന്ന പട്ടിണിക്കോലങ്ങളിലും നാമില്ല. തീവ്രവാദത്തിന്‍റെ തോക്കിന്‍മുനകളില്‍ അസ്വതന്ത്രരായി നരകിച്ചു ജീവിക്കുന്നവരിലും നമ്മളില്ല. നമ്മള്‍ അതിജീവിച്ചു. ഇന്നും ജീവിച്ചിരിക്കുന്നു. ഒട്ടൊക്കെ സ്വാതന്ത്ര്യത്തോടെ ഏറെ ആത്മാഭിമാനത്തോടെ. ആനന്ദിക്കാന്‍ ഇതില്‍പ്പരം എന്താണ് വേണ്ടത്.

ജീവന്‍റെ ആത്മസാക്ഷാത്ക്കാരമാണ് ജീവിതം. പ്രത്യാശയുടെ നിലാവും അനുഭവത്തിന്‍റെ കരുത്തുമാണ് ജീവിതത്തെ നയിക്കുന്നത്. ആ അനുഗൃഹീത യാത്രയിലാണ് നാം ഒരു വര്‍ഷം കൂടി പിന്നിട്ടിരിക്കുന്നത്. സുന്ദരമായ ആ ജീവിതത്തിന് പകരം നാമെന്തു നല്കിഎന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. സ്വന്തം ശരീരത്തിന്, മനസ്സിന്, കുടുംബത്തിന്, സമൂഹത്തിന്, സഹജീവികള്‍ക്ക്, ലോകത്തിനാകെ നാമെന്തു നല്കി. ആത്മസംതൃപ്തിക്കു നാമെന്തു ചെയ്തു- പരിശോധിക്കുക. വ്യക്തിഗത ലാഭനഷ്ടങ്ങളുടെ കണക്കു നോക്കിയല്ല പോയ വര്‍ഷത്തെ വിലയിരുത്തേണ്ടത്. സമഗ്ര ആത്മപരിശോധനയാണ് ആവശ്യം. ഒന്നും നേടാനാവാത്തത് നിരാശയ്ക്ക് കാരണമല്ല. ചിലതൊക്കെ നേടിയത് അഹന്തയ്ക്കും. വ്യക്തിഗത നേട്ടങ്ങള്‍ അനിവാര്യം തന്നെയാണ്. മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്നതും സന്തോഷവും സംതൃപ്തിയും നല്കുന്നതുമാണെങ്കില്‍ ആ നേട്ടം കൂടുതല്‍ ആനന്ദം നല്കും. അത് മഹത്തരമാകും.

പുതുവര്‍ഷത്തിന് തയ്യാറെടുക്കാന്‍ എളുപ്പവഴിയുണ്ട്. പോയവര്‍ഷം സമ്മാനമായി കിട്ടിയാല്‍ എങ്ങനെ ഉപയോഗിക്കും എന്നു ചിന്തിക്കുക. കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കും. കുറേക്കൂടി ശ്രദ്ധ ചെലുത്തും. പലതും തിരുത്തും. ഏറെ ആനന്ദകരമാക്കും എന്നൊക്കെ തോന്നുന്നില്ലേ. എങ്കില്‍പ്പിന്നെ അതു പുതുവര്‍ഷത്തിന്‍റെ കാര്യത്തിലായിക്കൂടെ? ഒരിക്കലും തിരിച്ചു കിട്ടാത്ത പോയ വര്‍ഷത്തിന്‍റെ നഷ്ടബോധമല്ല നമുക്കാവശ്യം. കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ശക്തിയോടെ, നډയോടെ, ആത്മസംതൃപ്തിയോടെ മുന്നേറാന്‍ പുതുവര്‍ഷത്തെ ഉപയോഗപ്പെടു ത്താനുള്ള ചിന്തയും പ്രവൃത്തിയുമാണ്.

നല്ല സുഹൃത്തായി ഇത്തവണ മെന്‍ററുമുണ്ട് കൂടെ. വിജയത്തിലേയ്ക്ക് ഒരുമിച്ച് മുന്നേറാം. പ്രത്യാശയോടെ പച്ചതുരുത്തിലേയ്ക്ക് ഒരുമിച്ച് തുഴയാം. സ്വപ്നം പൂക്കുന്ന വസന്തവും നډ ചൊരിയുന്ന വര്‍ഷവും ആനന്ദം പൊഴിയുന്ന ഗ്രീഷ്മവും കിനാവു കായ്ക്കുന്ന വേനലും നമുക്കൊന്നായി പങ്കിടാം. ത്യാഗത്തിന്‍റെയും വിശുദ്ധിയുടെയും വിശ്വസാഹോദര്യത്തിന്‍റെയും പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ പിറന്നാള്‍ ആഘോഷമായ ക്രിസ്തുമസ് ആശംസകള്‍. വിജയത്തിന്‍റെ പുതുസംവത്സരാശംസകള്‍.

Contact us

Mentor publishers Pvt. Ltd.

6/917-2, Cheroor P O, Thrissur - 680008

Ph: 9645084365, 9946002621, 7736793144

Email : subeditor.mentor@gmail.com, chiefeditor.mentor@gmail.com Web: www.mentormalayalam.com

Powered by Bispage.com
Sitemap