www.mentormalayalam.com

Parenting

ഉയരേണ്ടത് സ്നേഹവീടുകള്‍

അറിവ് ശ്രേഷ്ഠമാണ്, ശക്തിയും. അറിയുന്തോറുമാണ് നാമറിയുന്നത് അറിവ് അനന്തവും അപൂര്‍ണ്ണവുമാണെന്ന്. ആ തിരിച്ചറിവാണ് വ്യക്തിയെ വിനയാന്വി തനാക്കേണ്ടത്. വിദ്യകൊണ്ട് വിവേകിയാകാനും സമ്പന്നനാകാനുമാണ് ഗുരുക്കډാര്‍ ഉപദേശിച്ചത്; അഹങ്കാരിയാകാനല്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ വിദ്യാസമ്പന്നരും അറിവിന്‍റെ പരമോന്നതിയിലെത്തിയവര്‍ എന്നു നാം കരുതുന്ന പലരും അറിവും വിദ്യയും കേവലം വില്പനച്ചരക്കാക്കുകയാണ്. ഭൗതികമായ ആഡംബരങ്ങളും പണവും മാത്രമാണ് 'സമ്പത്ത്' എന്നവര്‍ വിശ്വസിക്കുന്നു. അത് നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ 'അറിവിന്‍റെയും' 'വിദ്യയുടെയും' പല മൂല്യങ്ങളും അവര്‍ ബോധപൂര്‍വ്വം മറന്നു പോകുന്നു; തിരിച്ചടി കിട്ടുമെന്ന് തിരിച്ചറിയാനാകാതെ.

രാജകീയ ജീവിതത്തിന്‍റെ സുഖലോലുപതയില്‍ എല്ലാം മറന്നു ജീവിക്കുന്ന അത്തരക്കാരെ തൊട്ടടുത്ത ദിവസം നാം കാണുന്നത് കാരാഗൃഹത്തിന്‍റെ ഇരുമ്പഴി കള്‍ക്കു പുറകിലാണ്. അക്ഷരങ്ങളുടെ നുറുങ്ങുവെട്ടത്തില്‍ അറിവുനേടി കരുത്താര്‍ ജ്ജിച്ചവരായിരുന്നു അവരും. പക്ഷേ, അവര്‍ വെറും അറിവു മാത്രമേ നേടിയുള്ളൂ. ആവശ്യം വേണ്ട പല തിരിച്ചറിവുകളും അവര്‍ക്കില്ലാതെ പോയി. അറിവ് നډയാ ണെന്നും അവര്‍ മറന്നുപോയി.

പ്രകൃതി മാതാവാണെന്നും സര്‍വ്വ ചരാചരങ്ങള്‍ക്കും അതില്‍ ഒരിടമുണ്ടെന്നും ജീവിതം നശ്വരമാണെന്നും സ്വന്തം സദ്വൃത്തികള്‍ കൊണ്ടുമാത്രമേ അതിനെ അനശ്വരമാക്കാന്‍ കഴിയൂവെന്നും തിരിച്ചറിയാനാവുന്നില്ലെങ്കില്‍ പിന്നെ അറിവു കൊണ്ടെന്തു പ്രയോജനം? സ്വന്തം പ്രവര്‍ത്തന മേഖലയില്‍ (അത് കളിയായാലും രാഷ്ട്രീയമായാലും) സത്യസന്ധത പുലര്‍ത്താനാകുന്നില്ലെങ്കില്‍ വിദ്യകൊണ്ടെന്തു നേട്ടം? ലക്ഷം കോടി ഗ്രഹങ്ങളുള്ള പ്രപഞ്ചത്തില്‍ ഒരു പരമാണുവിന്‍റെ സ്ഥാനം മാത്രമുള്ള മനുഷ്യന് സ്വന്തം നിസ്സാരത ബോധ്യപ്പെടാന്‍ ഉതകുന്നില്ലെങ്കില്‍ പിന്നെ അക്ഷരജ്ഞാനം കൊണ്ടെന്തു നേടാന്‍?

ജീവിതത്തില്‍ വിജയിക്കേണ്ടത് ആവശ്യമാണ്. അതിന് അറിവും വിദ്യയും അനിവാര്യവുമാണ്. പക്ഷേ, നൈമിഷികമായ വിജയമാണോ നിലനില്ക്കേണ്ട വിജയമാണോ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അറിവിന്‍റെ ഓരോ തുള്ളിയും ആത്മശുദ്ധീകരണത്തിനാണ് ഉപയുക്തമാക്കേണ്ടത്. അറിവിനെപ്പറ്റിയുള്ള ഒരു ചൈനീസ് പഴമൊഴി ഇങ്ങനെയാണ്.

അറിവില്ലാത്തവനും, അറിവില്ലെന്നറിയാത്തവും വിഡ്ഢിയാണ്; അവനെ അകറ്റുക.
അറിവുള്ളവനും, അറിവുണ്ടെന്നറിയാത്തവനും നിദ്രാധീനനാണ്; അവനെ ഉണര്‍ത്തുക.
അറിവുള്ളവനും, അറിവുണ്ടെന്നറിയുന്നവനും ബുദ്ധിമാനാണ്, അവനെ പിന്തുടരുക
മഴ തിമിര്‍ക്കട്ടെ. മനസ്സ് നിറയട്ടെ. അറിവൊരു പുഴയായ് നിറഞ്ഞൊഴുകട്ടെ.
വേണം, നമുക്ക് സൈബര്‍ പരമാധികാരം

സമ്പത്തിന്‍റേയും അധികാരത്തിന്‍റേയും സാങ്കേതികവിദ്യയുടേയും നവലോകസമ വാക്യങ്ങളില്‍ നായകനായും വില്ലനായും മധ്യസ്ഥനായും രംഗത്ത് നിറഞ്ഞാടി, ഇക്കാല മത്രയും അമേരിക്ക.പുരോഗതിയുടെ 'മനക്കോട്ടകള്‍'കാട്ടി ആശ്ചര്യപ്പെടുത്തിയും ഭൗതിക നേട്ടങ്ങളടെ അഭൗമസൗകര്യങ്ങളില്‍ അഭരമിപ്പിച്ചും സ്നേഹം നടിച്ച് പ്രാണനെടുത്തും തീവ്രവാദത്തിന്‍റെ പേരില്‍ സാധുക്കളെ അണുക്കളെപ്പോലെ പച്ചയ്ക്കു കൊന്നും, മധ്യസ്ഥന്‍ ചമഞ്ഞ് നേതാക്കളെ തൂക്കിലേറ്റിയും അവര്‍ ലോകം ഭരിച്ചു. പലരും അവര്‍ക്ക് ഓശാന പാടി. ചിലര്‍ മുട്ടുകാലില്‍ വണങ്ങി. ഇനിയും ചിലര്‍ പുറമേയ്ക്ക് ആക്രോശിച്ച് പിന്‍വാതില്‍ തുറന്നു കൊടുത്തു. മറ്റു ചിലര്‍ 'പാവ'യെപോലെ അങ്ങോട്ടുമിങ്ങോട്ടും തഞ്ചത്തിനു ചാടി.അങ്ങനെ ജയിച്ചത് മിക്കപ്പോഴും അമേരിക്കയും തോറ്റത് ലോകവുമായിരുന്നു.ഡോളറിന്‍റെ ഏറ്റക്കുറ ച്ചിലുകള്‍ കൊച്ചുകേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ വരെ സ്വാധീനിക്കുന്നതുപോലെ ലോകത്തിന്‍റെ ഏതു കോണിലും അധിനിവേശത്തിന്‍റെ അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ ആ രാജ്യത്തിനാകുന്നുണ്ട്. സാമ്പത്തികമായും സാംസ്കാരികമായും സാങ്കേതികമായും അവര്‍ വച്ചുനീട്ടുന്ന 'ഉദാരമനസ്കതയുടെ' സംഭാവനകളില്‍ ഒളിഞ്ഞിരിപ്പുള്ള പുത്തന്‍ അധിനിവേശ സാധ്യതകള്‍ നാം പലപ്പോഴും കാണാതെ പോകുന്നു.

പട്ടിണി മാറ്റാന്‍ അവര്‍ നമുക്ക് കെന്‍റക്കി ഫ്രൈഡ് ചിക്കന്‍ തരും. ദാഹത്തിന് പെപ്സിയും കോളയും. ബോറടിച്ചാല്‍ കാണാന്‍ യുട്യൂബ് ക്ലിപ്പിംഗ്സ്. ചാറ്റിംഗിന് ഫേസ്ബുക്കും സെര്‍ച്ചിങ്ങിനു ഗൂഗിളും. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ ലോകം എത്ര സമത്വം, സുന്ദരം! ആനന്ദിക്കാന്‍ ഇതില്‍പ്പരം ഇനിയെന്തു വേണം.

പക്ഷേ, അറിയുക. അമേരിക്കന്‍ സൈബര്‍ അധിനിവേശത്തിനു മുമ്പില്‍ ഞാനും നിങ്ങളും നഗ്നരാണ്. നിസ്സഹായരും അടിമകളുമാണ്. 225 കോടി ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുണ്ട് ലോകത്തില്‍. അവര്‍ നടത്തുന്ന ഗൂഗിള്‍ സെര്‍ച്ചുകളുടെ എണ്ണം പ്രതിമാസം 3300 കോടിയിലധികമാണ്. ഫേസ്ബുക്ക് അംഗങ്ങളുടെ എണ്ണം 110 കോടി കഴിഞ്ഞു. ദിനംപ്രതി അഞ്ചുലക്ഷത്തിലധികം ആളുകളാണ് സോഷ്യല്‍മീഡിയയില്‍ അംഗങ്ങളാകുന്നത്. അതില്‍ ഭൂരിഭാഗവും അമേരിക്കന്‍ സൈറ്റുകളിലാണ്. ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്പനശാല ആമസോണും അമേരിക്കയില്‍ തന്നെ. നമ്മുടെ മുഴുവന്‍ 'രഹസ്യവിവരങ്ങളും' അവരുടെ പക്കലുണ്ട്. മൈക്രോ സെക്കന്‍റുകള്‍ക്കുള്ളില്‍ അമേരിയ്ക്കക്ക് അരിച്ചെടുക്കാന്‍ പാകത്തിന് നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും രുചിഭേദങ്ങളും എന്തിന് ജനിതക ഘടനവരെ അവര്‍ക്ക് മനഃപാഠം. ആ 'ഡാറ്റാബേസി'ന്‍റെ പിന്‍ബലത്തിലാണ് ലോകത്തിന് എന്തുവേണം എന്തുവേണ്ട എന്നവര്‍ തീരുമാനിക്കുന്നത്. അമേരിക്കന്‍ സൈബര്‍ കുത്തകകളുടെ ഈ വിവസ്ത്രീകരണം ചൂണ്ടികാണിക്കാനും എഡ്വേഡ് സ്നോഡന്‍ എന്ന ഒരമേരിക്കക്കാരന്‍ തന്നെ വേണ്ടി വന്നു. ചരിത്രത്തിന്‍റെ വിരോധാഭാസം അവിടേയും മേല്‍ക്കായ്മ അമേരിക്കക്കു തന്നെ! രാവും പകലും അമേരിക്കന്‍ സൈബര്‍ വലയ്ക്കുള്ളിലാണ് നാം, നിരന്തരം. പലതിനും വേണ്ടി നാം ഗൂഗിളില്‍ മുങ്ങിതപ്പുമ്പോള്‍ അവര്‍ അരിച്ചെടുക്കുന്നത് നമ്മുടെ ബുദ്ധിയും കൂടിയാണ്. ലോകത്തെ മാറ്റിമറിയ്ക്കാന്‍ ഉപയുക്തമായേക്കാവുന്ന കോടിക്കണക്കിന് ആശയസമ്പത്തുകള്‍ അവര്‍ സ്വന്തമാക്കി കഴിഞ്ഞു. വെറുതെയാണോ ആദ്യത്തെ ഡ്രൈവര്‍രഹിത കാര്‍ അവര്‍ പുറത്തിറക്കിയത്. ഏതെങ്കിലും അവികസിത രാജ്യത്തെ ട്രാഫിക്കില്‍ നട്ടം തിരിഞ്ഞവന്‍റെ ആശയമല്ല അതെന്ന് ആര് കണ്ടു. പരമാധികാരത്തിന്‍റെ 65-ാം പിറന്നാള്‍ കൊണ്ടാടുന്ന നാം പുനഃര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

പരമാധികാരത്തിന്‍റെ നിര്‍വചനത്തില്‍ സൈബര്‍ പരമാധികാരം കൂടി ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. രാജ്യാതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന തോടൊപ്പം സൈബര്‍ സുരക്ഷയും സൈബര്‍ സ്വകാര്യതയും നാം ഉറപ്പുവരുത്തേണ്ടതുണ്ട്. ചൈനയുടെ ഇരുപത് ലക്ഷം 'നെറ്റ് വാച്ചേഴ്സ്' സൈബര്‍ ലോകം അരിച്ചു പെറുക്കി അവരുടെ 'സൈബര്‍ പരമാധികാരം' ഉറപ്പുവരുത്തുമ്പോള്‍ നാം ആലോചിക്കുന്നത് സോഷ്യല്‍ മീഡിയ നിരോധിച്ചാലോ എന്നാണ്.

ഇന്‍റര്‍നെറ്റും സോഷ്യല്‍ മീഡയയും ഒഴിവാക്കിക്കൊണ്ടുള്ള ലോകം ഇനി സ്വപ്നത്തില്‍ പോലും സാധ്യമല്ല. അതുപയോഗിച്ച് അതിനെ എങ്ങിനെ നേരിടാം എന്നാണ് ആലോചിക്കേണ്ടത്. ഇന്ത്യന്‍ ഗൂഗിളും, ഇന്ത്യന്‍ യാഹുവും, ഇന്ത്യന്‍ ഫേസ്ബുക്കുമാണ് നമുക്ക് ആവശ്യം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും അതിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നുപോലുമില്ല. അഴിമതിയുടെ അടിമത്തതതില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കും എന്നവകാശപ്പെടുന്ന നാം ആദ്മി പാര്‍ട്ടിപോലും സൈബര്‍ അടിമത്തത്തെക്കുറിച്ച് മിണ്ടുന്നില്ല. കാരണം, അത് അടിമത്തമാണെന്ന് നാം തിരിച്ചറിയുന്നില്ല. ആ അധിനിവേശം നാം ആഘോഷിക്കുകയാണ്, നാമറിയാതെ.

Contact us

Mentor publishers Pvt. Ltd.

6/917-2, Cheroor P O, Thrissur - 680008

Ph: 9645084365, 9946002621, 7736793144

Email : subeditor.mentor@gmail.com, chiefeditor.mentor@gmail.com Web: www.mentormalayalam.com

Powered by Bispage.com
Sitemap